Thursday, December 9, 2010

ഒരു കോളേജ് സ്പോര്‍ട്സ് ദുരന്തം.

ഒരു കോളേജ് സ്പോര്‍ട്സ് ദുരന്തം. 
വീണ്ടും ഒരു സ്പോര്‍ട്സ് ഡേ. ഞങ്ങളുടെ യുണിയന്‍ ഭരിക്കുന്നത്‌ കൊണ്ട്, കൊണ്ട് പിടിച്ച തയ്യാറെടുപ്പുകള്‍. നാല് ഗ്രൂപ്പുകള്‍ ആക്കി വിദ്യാര്‍ഥികളെ തിരിച്ചാണ് മത്സരങ്ങള്‍. ഈയുള്ളവന്‍ തിരക്കിലാണ്.  എങ്ങനെയെങ്കിലും പോയന്‍റ് നിലയില്‍ ഈയുള്ളവന്റെ ഗ്രൂപ്പ് ഒന്നാമതെത്തിയില്ലെങ്കിലും  അവസാനമാകരുതല്ലോ. മത്സരങ്ങള്‍ തകര്‍ത്ത് മുന്നേറുന്നു. അതാ വരുന്നൂ നമ്മുടെ ക്ലാസിലെ ഒരുത്തന്‍., വന്നയുടന്‍ അവന്‍ " അളിയാ നീയറിഞ്ഞോ , ആയിരത്തി അഞ്ഞൂറ് മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒരുത്തി മാത്രമേ പേര് കൊടുത്തിട്ടുള്ളൂ" . എനിക്ക് സംഗതി മനസ്സിലായി (അല്ലേലും തല തിരിഞ്ഞ കാര്യങ്ങളൊക്കെയും എനിക്ക് പെട്ടെന്ന് ക്ലിക്ക് ചെയ്യും ). "ആ പേര് കൊടുത്തിരിക്കുന്നവള്‍ എതിര്‍ ഗ്രൂപ്പിലെ  പക്കാ സ്പോര്‍ട്സ് താരം. പക്ഷെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നമുക്കടിച്ചെടുക്കാമല്ലോ  , അതിനു ഏതെങ്കിലും രണ്ടു അവളുമാരെ തപ്പിയെടുക്കണം", ഞാന്‍ മനസ്സിലോര്‍ത്തു. ഒന്നും ആലോചിച്ചില്ല ( ആലോചിക്കാന്‍ പണ്ടേ എനിക്ക് ബോധം ഇല്ലല്ലോ ? ) എന്‍റെ ഗ്രൂപ്പിലെ   സകലമാന പെണ്‍കുട്ടികളെയും സമീപിച്ചു. രക്ഷയില്ല. ആരും തയാറാകുന്നില്ല. അവസാനം രണ്ടു പെണ്‍കുട്ടികളെ തപ്പിപ്പിടിച്ചു. കക്ഷികള്‍ എന്റെ ക്ലാസിലെയല്ലെങ്കിലും ഗ്രൂപ്പിലെയാണ്. പാവങ്ങള്‍ ചുരിദാര്‍ ഒക്കെയിട്ടാണ് ഓടാന്‍ നില്‍ക്കുന്നത്. അപ്പോളതാ വേറെ ഒരു നിബന്ധന. പങ്കെടുക്കുന്ന ആളുകള്‍ നിര്‍ബന്ധമായും മുഴുവന്‍ ദൂരവും ഓടിയിരിക്കണം. ഞാന്‍ പറഞ്ഞു, " മക്കളെ , നിങ്ങള്‍ പേടിക്കണ്ട, ചേട്ടനുണ്ട് കൂടെ ". മത്സരം തുടങ്ങി. നമ്മുടെ രണ്ടു പെണ്‍കുട്ടികളും ഓടുന്നു. അവരെ സഹായിക്കാന്‍ ട്രാക്കിന് പുറത്തു കൂടെ  ഞാനും നമ്മുടെ കൂട്ടുകാരനും. ഓട്ടത്തിനിടയില്‍ വെള്ളം ഗ്ലൂക്കോസ് ആദിയായവ നല്‍കുന്നുണ്ട്. ഇതൊന്നുമില്ലാതെ നമ്മുടെ എതിര്‍ ഗ്രൂപ്പുകാരി വളരെ മുന്നിലാണ്. ആയിക്കോട്ടെ, നമ്മടെ ലക്‌ഷ്യം ഒന്നാം സമ്മാനം അല്ലല്ലോ   ?, എന്നാല്‍ ഇതിനിടയില്‍ നമ്മുടെ രണ്ടു പെണ്കുട്ടികലുണ്ടല്ലോ? അവര്‍ തമ്മില്‍ ഒരു വാശി ഉടലെടുത്തു( പെണ്‍കുട്ടികള്‍ അല്ലേ ?) ഒരേ ഗ്രൂപ്പിലാനെങ്കിലും അവസാനം ഞാനാകില്ല എന്നാ വാശിയില്‍ അവര്‍ രണ്ടു പേരും ഓടാന്‍ തുടങ്ങി. കാണികള്‍ ആര്‍ത്തു വിളിക്കുന്നുണ്ട്. അതാ എതിര്‍ ഗ്രൂപ്പുകാരി ഒന്നാം സ്ഥാനത്തെത്തി. ഇനി രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടം. അതാ അതിലൊരുത്തി ഫിനിഷ് പൊയന്റിലെത്തിയിരിക്കുന്നു. ആഹ്ലാദ   പ്രകടനം (ഒന്നാമതെത്തിയ പെണ്‍കുട്ടി വരെ നാണം കേട്ട് പോയ തരത്തിലുള്ള ആഹ്ലാദ പ്രകടനം). എന്നാല്‍ ഈ ആഹ്ലാദം നീണ്ടു നിന്നില്ല. നമ്മുടെ ആഹ്ലാദക്കാരി അതാ മറിഞ്ഞു വീഴുന്നു. ഒന്നും മിണ്ടുന്നില്ല. ബോധം വീഴുന്നില്ല (ബോധം തീരെയില്ലാത്തത് കൊണ്ടാണല്ലോ ഞാന്‍ വിളിച്ചപ്പോഴേക്കും എന്‍റെ കൂടെ മത്സരത്തിനിറങ്ങി പുറപ്പെട്ടത്‌). കുട്ടിയെ എടുത്തു ഞങ്ങള്‍ ഓടീ. അടുത്ത ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. നമ്മുടെ കൂട്ടുകാരനെ പെണ്‍കുട്ടിയുടെ വീട്ടിലേക്കു  വിളിച്ചറിയിക്കാനും ഏല്‍പ്പിച്ചു. സുഹൃത്തുക്കളെ, ഇനിയാണ് യഥാര്‍ത്ഥ ദുരന്തം സംഭവിക്കുന്നത്‌ . നമ്മുടെ കൂട്ടുകാരന്‍ വളരെ ചുരുക്കി ഫോണ്‍ ചെയ്തത് ഇങ്ങനെ " നിങ്ങളുടെ മകളെ   മൂത്തകുന്നം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്. വേഗം എത്തുക". തങ്ങളുടെ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പാടില്ലാതെ തന്നെ പെണ്‍കുട്ടിയുടെ അമ്മയും മൂന്നു  അമ്മാവന്മാരും ഒരു വല്യപ്പനും പുറപെട്ടു. അതെ സമയം ഹോസ്പിറ്റലില്‍ കുട്ടിക്ക് ശ്വാസ തടസ്സം നേരിട്ടത് കാരണം ഓക്സിജന്‍ മാസ്ക് ധരിപ്പിച്ചിരുന്നു. അതാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തുന്നു. അവളുടെ അമ്മ കാണുന്നത് ആവട്ടെ  തന്‍റെ മകള്‍ അതാ ഓക്സിജന്‍ മാസ്ക് വെച്ച് കിടക്കുന്നു. സീരിയലുകളിലെ ICU രംഗങ്ങള്‍ കണ്ടു ശീലിച്ചിരുന്ന ആ അമ്മ അതാ ബോധം കേട്ട് വീഴുന്നു ( ഓക്സിജന്‍ മാസ്ക് എന്നാല്‍ എന്തോ ഭീകരം ആണെന്നാണല്ലോ സാധാരണ ആളുകളുടെ വിചാരം).  ബോധം കേട്ട് വീണ അമ്മയെ തൊട്ടടുത്ത ബെഡില്‍ കിടത്തുന്നൂ നമ്മുടെ നഴ്സുമാര്‍. ആകെ ബഹളം. വല്യപ്പനെ ഞാന്‍ വിളിച്ചു നടന്നതെല്ലാം പറഞ്ഞു. എന്നെ ഒന്ന് ആപാദ ചൂഡം നോക്കിയിട്ട് വല്യപ്പന്‍ ഇങ്ങനെ മൊഴിഞ്ഞു " ആസ്ത്മ ഉള്ള കുട്ടിയെ അണോടാ  നാറീ  1500 മീറ്റര്‍ ഓടിക്കുന്നെ " രംഗം പന്തിയല്ല എന്ന് കണ്ടു ഞാന്‍ ഓടി. ആ ഓട്ടം ഞാന്‍ മത്സരത്തിനു ഓടിയിരുന്നെങ്കില്‍ മാരത്തോണിനു വരെ എനിക്ക് ലോക റെക്കോര്‍ഡ്‌ ഇടാമായിരുന്നു.  

Wednesday, November 10, 2010

താഴിട്ടു പൂട്ടിയ ഇരുമ്പ് പാത്രത്തിനുള്ളിലെ പ്രണയം

വേദനകളും വേദനിപ്പിക്കുകളും മാത്രമടങ്ങുന്ന ഒന്നാണോ ഈ പ്രണയം ? ഞാനുള്‍പ്പെടുന്ന  ഒരു ന്യൂന പക്ഷത്തിന്റെ ഉത്തരം ഒരു പക്ഷെ " അതെ " എന്നായിരിക്കും, മറു പക്ഷത്തിനു  എത്രയേറെ ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും. പ്രണയ പരാജിതര്‍ക്ക് മറ്റുള്ളവരോട് തോന്നുന്ന അസൂയയും  തന്നോട് തന്നെയുള്ള ദേഷ്യവും കൊണ്ടാണ് ഈ ഉത്തരം പറയുന്നതെന്ന് ഭൂരിപക്ഷ വിഭാഗക്കാര്‍ പറഞ്ഞേക്കാം. അവരോടു  "കൂട്ടുകാരെ നിങ്ങള്‍ക്കെന്തറിയാം ഞങ്ങളുടെ വികാരത്തെപ്പറ്റി?". പ്രണയ വിജയികള്‍ ഒരു തരത്തിലെ ഉള്ളൂ. എന്നാല്‍ പ്രണയ പരാജിതര്‍ നാനാവിധം. വൈവിധ്യത്തില്‍ ആണ് ഭംഗി എന്നാശ്വസിച്ച്‌ കൊണ്ട് പറയട്ടെ, ഞങ്ങള്‍ പലവിധം. തന്‍റെ പ്രണയ അഭ്യര്‍ഥന പുല്ലു പോലെ തള്ളിക്കളഞ്ഞു കൊണ്ട് ഒരു പുച്ഹ ഭാവത്തില്‍ നടന്നു നീങ്ങുന്ന സ്വപ്ന നായികയെ അല്ലെങ്കില്‍ നായകനെ( നായകന്‍ വിഭാഗം ലോകത്തില്‍ നിന്ന് തന്നെ ഇല്ലാതാകും അല്‍പ നാളുകള്‍ക്കുള്ളില്‍) തകര്‍ന്ന ഹൃദയത്തോടെ നോക്കി നില്‍ക്കുന്നവര്‍. ഈ ലോകത്ത് നമ്മള്‍ മാത്രം എന്ന് പറഞ്ഞ കമിതാക്കളില്‍ ഒരാള്‍ വേറെ ഒരുത്തന്‍റെ കൂടെ പോകുമ്പോള്‍ തലയ്ക്കു കൈയും വെച്ച് ഒഴിഞ്ഞ പണ സഞ്ചിയും ആയി നില്‍ക്കുന്ന ലോകത്തിലെ സഹതാപമാര്‍ഹിക്കാത്ത ഒരു വലിയ വിഭാഗം. സാഹചര്യങ്ങള്‍ വിലങ്ങു തടികളും ചങ്ങലകളും ജയിലുകളും തീര്‍ക്കുമ്പോള്‍ പ്രണയം കരഞ്ഞു തകര്‍ക്കുന്ന, തീര്‍ക്കുന്ന  വേറൊരു കൂട്ടം. സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഒരു ചോദ്യം ഉണ്ടാകും . "ഇതില്‍ നിന്‍റെ വിഭാഗം ഏതാ"?. മറുപടി തികച്ചും ലളിതം. ഇതില്‍ ഒന്നുമല്ല  . താഴിട്ടു പൂട്ടിയ ഇരുമ്പ് പാത്രത്തിലെ പ്രണയം ആണ് ഈയുള്ളവന്‍റെ. താഴിന്‍റെ താക്കോല്‍   ആണെങ്കിലോ കളഞ്ഞും പോയി.  വേറെ ഒന്ന് സംഘടിപ്പിക്കാം എന്ന് വെച്ചാല്‍ കൊല്ലന്‍ ഒട്ടു മരിച്ചും പോയി. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ ഞാന്‍ ഉള്‍പ്പെടുന്ന വിഭാഗം ഏതാണ് എന്ന് ?  പ്രണയം തുറന്നു  പറയാതെ അത് പാത്രത്തിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്ന താരതമ്യേന അംഗങ്ങള്‍ ഉള്ള വിഭാഗം. ഞങ്ങളുടെ ഇടയില്‍ പിന്നെയും ഗ്രൂപ്പുകള്‍ ഉണ്ട് കേട്ടോ. ചിലര്‍ തങ്ങളുടെ പ്രണയം ഒരു ചില്ല് കുപ്പിയിലാണ് സൂക്ഷിക്കുക. ഭാഗ്യവാന്‍മാര്‍ ഇവര്‍ ആണ്. തന്‍റെ പ്രണയിനി ചിലപ്പോള്‍ ആ പ്രണയം കണ്ണാടി ചില്ലിലൂടെ കണ്ടെന്നു വരാം.അതിനു ശേഷം  ആ കണ്ണാടി കുപ്പിയില്‍ നിന്നും അതിനെ ഹൃദയത്തോട് ചേര്‍ക്കുകയോ ആ ചില്ല് പാത്രം തറയിലിട്ടു പൊട്ടിച്ചു കളയുകയോ ചെയ്യാം (വിജയം കൊയ്യാന്‍ ചിലപ്പോള്‍ ചില റിസ്കുകള്‍ എടുക്കേണ്ടി വരും) . മറ്റൊരു കൂട്ടര്‍ ഉണ്ട്. ഇരുമ്പ് കുപ്പിയില്‍ പ്രണയം സൂക്ഷിച്ചു കൊണ്ട് അതിന്റെ താക്കോല്‍ പ്രണയിനിക്ക് അബദ്ധവശാല്‍ എന്നാല്‍ മനപൂര്‍വം എന്ന വണ്ണം കൊടുത്തു ഒരു ഭാഗ്യ പരീക്ഷണം നടത്തുന്നവര്‍. എന്നാല്‍ ഈയുള്ളവന്‍റെ വിഭാഗം ഒരു സമസ്യ ആണ്. ഒരു കാരണവശാലും തുറന്നു പറയാന്‍ പറ്റാത്തത് കൊണ്ട് ഒരു തുരുമ്പിച്ച ഇരുമ്പ് പാത്രത്തില്‍ പ്രണയം സൂക്ഷിച്ചു അത് ഒരു ഇരുട്ട് നിറഞ്ഞ മൂലയില്‍ വെച്ചിരിക്കുന്നു. താഴിട്ടു പൂട്ടി. താക്കോല്‍ നഷ്ടപ്പെട്ട നിലയില്‍. ഈ അവസ്ഥക്കൊരു സുഖം ഉണ്ട്. സ്വപ്‌നങ്ങള്‍ എപ്പോഴും കാണാം. യാഥാര്‍ത്ഥ്യം മനസിലുള്ളത് കൊണ്ട് ആ സ്വപ്നം നടന്നെ തീരൂ എന്ന് വാശി പിടിക്കില്ല. തന്‍റെ പ്രണയിനി ഒരിക്കലും "നോ " എന്ന് പറഞ്ഞു ഹൃദയം തകര്‍ക്കില്ല (അവള്‍ക്കറിയില്ലല്ലോ നമ്മുടെ മനം, ഈശ്വരോ രക്ഷതു). ചിലപ്പോള്‍ പാത്രത്തില്‍ ഒളിപ്പിച്ച പ്രണയം ഒന്ന് പുറത്തേക്ക് വരാന്‍ അറിയാതെ ഒരു ശ്രമം നടത്തും. ഒരു  വിഫല ശ്രമം. പുറത്തേക്ക് വരില്ല അത്. തുരുമ്പ് പിടിച്ച പാത്രത്തിന്റെ ഉല്‍ വശങ്ങളില്‍   തട്ടി എരിഞ്ഞു തീരും. ആ എരിഞ്ഞു തീരല്‍  വര്‍ഷങ്ങള്‍ക്കു ശേഷം ഈയുള്ളവന് ദിവസങ്ങള്‍ക്കു മുന്‍പ് വീണ്ടും അനുഭവപ്പെട്ടു. അപ്പോള്‍ ആവശ്യമില്ലാതെ ഞാന്‍ ഒന്ന് മസ്സില്‍ പിടിച്ചോ ? ശബ്ദം ഒന്ന് ഇടറിയോ? അവളുടെ കണ്ണിലേക്കു നോക്കി സംസാരിക്കാന്‍ സാധിച്ചോ ? അറിയില്ല. ഈ പ്രണയം ഈ തുരുമ്പ് പിടിച്ച ഇരുമ്പ് പാത്രത്തില്‍ തന്നെ ഇരിക്കട്ടെ കുറച്ചു നാള്‍ കൂടി. കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഞാന്‍ ഇത് കടലിലേക്ക്‌ വലിച്ചെറിയും. ഉപ്പു വെള്ളം കുടിച്ചു കൂടുതല്‍ തുരുമ്പിച്ചു കടലിന്റെ അടിത്തട്ടില്‍ തന്നെ കിടക്കും. പക്ഷെ പ്രിയേ " ആ പാത്രത്തിനുള്ളില്‍ നിന്നോടുള്ള എന്‍റെ പ്രണയം തുരുമ്പ് പിടിക്കാതെ കിടക്കും, ഞാനുളിടത്തോളം". 

Tuesday, October 19, 2010

എന്നുമീ ഏട്ടന്‍റെ ചിങ്കാരീ

എന്നെ വല്ലാതെ പിന്തുടര്‍ന്നിട്ടുണ്ട് ഉസ്താദ് എന്ന സിനിമയിലെ ഈ ഗാനം. മലയാളി മറന്ന അല്ലെങ്കില്‍ മറന്നു കൊണ്ടിരിക്കുന്ന ഒരു ബന്ധത്തെ തീവ്രതയോടെ ആവിഷ്കരിച്ച ഏതെങ്കിലും ഗാനം അതിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്‌. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ ദൂരദര്‍ശനില്‍ കണ്ട " ഒരു കുടയും കുഞ്ഞു പെങ്ങളും " എന്റെ മനസ്സില്‍ കോറിയിട്ട ചിത്രത്തിന് വീണ്ടും ഒരു ചലച്ചിത്ര ഗാന ദൃശ്യ ഭാഷ്യം ലഭിച്ചത് പോലെ തോന്നി ആ ഗാന രംഗം കണ്ടപ്പോള്‍. ലോകത്തില്‍ ഏതങ്കിലും ബന്ധം സത്യമാണെങ്കില്‍ അത് മാതൃ -പുത്ര ബന്ധമാണെന്നു വിശ്വസിക്കാന്‍ എനിക്ക് കഴിയാത്തത് ഏട്ടന്‍-അനുജത്തി ബന്ധത്തിന് അതിനൊപ്പമോ അതിനെക്കാള്‍ മുകളിലോ സ്ഥാനമുണ്ട് എന്ന തിരിച്ചറിവാണ്. നാം ജനിക്കുമ്പോള്‍ മുതല്‍ നമ്മള്‍ അമ്മയെ കാണുന്നു, അതിനോടൊപ്പം സ്നേഹിച്ചു തുടങ്ങുന്നുവെങ്കില്‍ നേരെ മറിച്ചല്ലേ സഹോദരിയോടുള്ള ബന്ധം. ഒരു അനിയത്തി ജനിച്ചപ്പോള്‍ ആദ്യം അത്ഭുതവും  പിന്നീടു അസൂയയുമല്ലേ എല്ലാര്‍ക്കും ഉണ്ടാകുക? അതെ. അതില്‍ ഒരു സംശയവുമില്ല. പിന്നീടല്ലേ നമ്മള്‍ അവളെ സ്നേഹിച്ചു തുടങ്ങുക. അവള്‍ നടന്നു തുടങ്ങുമ്പോള്‍ അവള്‍ വീഴുമോ എന്നാ പേടിയില്‍ അവളോടൊപ്പം നടന്നത്. തറയില്‍ നീന്തി നടക്കാന്‍ അവള്‍ തുടങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ മുത്തുകള്‍, പ്ലാസ്റ്റിക്‌ വസ്തുക്കളൊന്നും പെടാതിരിക്കാന്‍ വീട്ടില്‍ നിന്നും അവയെല്ലാം മാറ്റിയത്, ഉത്സവത്തിന്‌ വാങ്ങിച്ചു തരാറുണ്ടായിരുന്ന വെള്ളം ചീറ്റിക്കുന്ന തോക്കിനു പകരം അവള്‍ക്കു കളിയ്ക്കാന്‍ പാവക്കുട്ടി വാങ്ങിച്ചു തന്നാല്‍ മതി എന്ന്  അമ്മൂമ്മയോട് പറഞ്ഞത്, ഒന്നാം ക്ലാസ്സിലെ " ഒന്നാനാം കൊച്ചു തുമ്പി" പാടി അവളെ ഉറക്കാന്‍ നോക്കിയത്, അവളെ മടിയിലിരുത്തി  ഊഞ്ഞാല ആടിയത്, പാടത്തെ വെള്ളത്തില്‍ നിന്നും പിടിച്ച " പൂച്ചുട്ടി" മീനിനെ വെള്ളം നിറച്ച പ്ലാസ്റ്റിക്‌ കുപ്പിയിലിട്ടു അവളെ കാണിച്ചത്. ഇരുപത്തിയൊന്നു വര്‍ഷമായിരിക്കുന്നു  ഏട്ടന്‍ എന്നാ സ്ഥാനതിനിന്നു. അവളുടെ കൊച്ചു കൊച്ചു വാശികള്‍ നടത്തുന്നതിന് വേണ്ടി അച്ഛനോടും അമ്മയോടും ഉള്ള തര്‍ക്കങ്ങള്‍, അവള്‍ക്കിഷ്ടപ്പെട്ട സിനിമകള്‍ കാണിക്കാന്‍ ശഫാസിലും മുഗളിലും പോയതും , അവളുടെ പ്രിയപ്പെട്ട നവോദയ ബേക്കറിയിലെ സമൂസ, പി ടി എച്ചിലെ ചിക്കന്‍ ലോല്ലിപോപ് എന്നിവ വാങ്ങി കോളേജ് ബാഗിലിട്ടു  ആരും കാണാതെ കൊണ്ട് വന്നു കൊടുത്തതും.അവളെ ടൂര്‍ വിടാന്‍ വേണ്ടി അച്ഛനോടും അമ്മയോടും അടി കൂടിയതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. ഇനി പതിനാലു ദിവസം. ഞാന്‍ സ്വപ്നം കണ്ട ദിവസം. പുതിയ ഒരു വീട്ടിലേക്കു പട്ടു സാരിയുടുത് ആഭരണങ്ങള്‍ അണിഞ്ഞു ആണോരുതന്റെ കൈ പിടിച്ചു അവള്‍ പോകുന്ന ദിവസം. സന്തോഷം കൊണ്ട് മനസ്സ് നിറയുന്നെങ്കിലും, അതിനെക്കാള്‍ കൂടുതല്‍ കണ്ണ് നിറയുന്ന ദിവസം. നാല്പതു മണിക്കൂര്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ' അമ്മേ, ഏട്ടന്‍ വന്നു ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്റെ ബാഗ്‌ വാങ്ങുന്ന എന്റെ മാളൂട്ടി. ഇനി അങ്ങനെയോന്നുണ്ടാകുമോ? കുവൈത്തിലേക്ക് ഖരഗ്പൂരില്‍ നിന്നും ഡയറക്റ്റ് ട്രെയിന്‍ ഉണ്ടോ? ഉണ്ടെങ്കില്‍  എന്നാശിച്ചു പോകുന്നു. 

Thursday, September 9, 2010

ഇനി വേണോ നമുക്കൊരു ഡിസംബര്‍ 6 ?

വീണ്ടും ഇതാ വാര്‍ത്തകളിലേക്ക് ബാബറി മസ്ജിദ്. ഈ മാസം 24 നു വിവാദ പ്രദേശത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ വിധി അലഹബാദ് ഹൈക്കോടതി പ്രഖ്യാപിക്കും. ഈ വാര്‍ത്ത വന്ന ഉടനെ തന്നെ ചിലര്‍ രംഗത്തെത്തുകയും പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. സയെദ് ഗിലാനി ഷാ ആകട്ടെ രാജ്നാഥ് ആകട്ടെ ഗിരി രാജ് കിഷോര്‍ ആകട്ടെ , ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമായി ബാബറി മസ്ജിദ് ഉയര്‍ത്തി കാണിക്കുന്നു  . സത്യത്തില്‍ നൂറു കോടി ജനങ്ങളെ മണ്ടന്മാരാക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണോ ഇത്?.ജന സംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം ദാരിദ്ര്യ രേഖയില്‍ കഴിയുന്ന രാജ്യത്തിന് എങ്ങനെയാണ് ഈ വെറും ഒരു പള്ളി പ്രശ്നം പ്രധാനമായി മാറുന്നത്. പട്ടിണി, നിരക്ഷരത, തൊഴിലില്ലായ്മ എന്നീ മനുഷ്യനെ കാര്‍ന്നു തിന്നുന്ന പ്രശ്നങ്ങളെ മറന്നു കൊണ്ട് എങ്ങനെയാണ് നമുക്ക് ഈ വിവാദങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുക?. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നീ പ്രശസ്തമായ വാചകങ്ങളെ ശരി വെക്കുകയല്ലേ ഈ സംഭവങ്ങള്‍?. അയോധ്യ യിലെ രാംകൊട്ട് എന്നാ കുന്നിന്‍ മുകളിലെ ബാബറി പള്ളി 1992 ഡിസംബര്‍ ആറിനു ഒരു ലക്ഷത്തോളം വരുന്ന കര്‍സേവകര്‍ നശിപ്പിച്ചപ്പോള്‍ നമ്മള്‍ ഓര്‍ത്തില്ല, തകര്‍ന്നു വീണത്‌ ഊതി വീര്‍പ്പിച്ചു വെച്ചിരുന്ന മതമൈത്രി എന്ന ബലൂണ്‍ ആണെന്ന്. പിന്നീടു നടന്ന കലാപങ്ങളില്‍ രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും, കോടിക്കണക്കിനു രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. ഓരോ കലാപത്തിലും ആയിരക്കണക്കിന് തീവ്രവാദികള്‍ ജനിക്കുന്നു എന്ന വസ്തുതയില്‍ ഉണ്ടാകുന്ന പരോക്ഷ പ്രതികരണങ്ങള്‍ വേറെയും.  പോരാതെ ലിബര്‍ഹാന്‍ കമ്മീഷന്‍ എന്ന പേരില്‍ കോടികള്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു കടലാസ്സിന്റെ വില പോലുമില്ലാത്ത ഒരു അന്വേഷണ റിപ്പോര്‍ട്ടും ഉണ്ടാക്കി സര്‍ക്കാര്‍ ചിലവില്‍. റിപ്പോര്‍ട്ട്‌ വന്നിട്റെന്തായി, വല്ല നടപടിയും ഉണ്ടായോ? എവിടുന്ന് ? . ബാബറി മസ്ജിദ് തകര്‍ന്നതിന്റെ പരോക്ഷ പ്രതികാരങ്ങള്‍ ഇന്നും ഇന്ത്യന്‍ സമൂഹം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. അതു  വരെ അതിര്‍ത്തി കടന്നു വന്ന തീവ്രവാദി സംഘടനകളുടെ  ആക്രമണം മാത്രം നേരിട്ടാല്‍ മതിയായിരുന്നു നമുക്ക്. മത വെറി വളര്‍ത്തി കുറച്ചു ഇന്ത്യന്‍ മുസ്ലിം യുവാക്കളെ ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ ഉണ്ടാക്കാന്‍ വിദേശ ശക്തികളെ സഹായിക്കുന്നതിനും ഈ പ്രശ്നം ഇടയാക്കി. അതിനൊരുദാഹരണം കേരളത്തില്‍ തന്നെയുണ്ട്‌. റോക്ക് സംഗീതത്തെ ആരാധിച്ചിരുന്ന ഹോട്ടലുകളിലെ സംഗീത പരിപാടികളില്‍ ഗിറ്റാര്‍ വായിച്ചിരുന്ന, ഹിപ്പി സംസ്കാരം പകര്‍ത്തിയ സൈനുദീന്‍ എന്ന യുവാവ് ഹൈടെരാബാദില്‍  പോയി വന്നപ്പോള്‍ സത്താര്‍ ഭായ് ആയി മാറി. അതെ ഇന്ന് ജയിലുള്ള ബോംബ്‌ നിര്‍മാതാവായ കൊടും ഭീകരന്‍ സത്താര്‍ ഭായ്. ഇയാളെ പറ്റി ഇയാളുടെ ബന്ധുവും സിനിമ തിരക്കഥ രചയിതാവുമായ ടി എ റസാക്ക്മലയാളം വാരികയില്‍ എഴുതിയത് ഇന്നും ഓര്‍ക്കുന്നു. ഇതുമായി സാദൃശ്യം ഉള്ള ദൈവനാമത്തില്‍ എന്ന സിനിമ നിര്‍മിച്ച ജൂനിയര്‍ ആര്യാടന്‍ ഷൌക്കത്തിനു സ്വന്തം സമുദായത്തിലെ ചിലെ മത ഭ്രാന്തന്മാരുടെ വധ ഭീഷണി നേരിടേണ്ടി വന്നു. എന്‍റെ നാടിനടുത്തുള്ള "പാനായിക്കുളം " എന്ന സ്ഥലത്ത് ഇന്നും ഡിസംബര്‍ മാസത്തില്‍ വിദ്വേഷം തുളുമ്പുന്ന പോസ്റ്റുകളും, ചുവരെഴുത്തുകളും പ്രത്യക്ഷപ്പെടുന്നു. വല്ലാതെ ഭയപ്പെടുത്തുന്നു ഇവയെല്ലാം നമ്മളെ. ചില ആളുകളുടെ വ്യക്തി താല്പര്യങ്ങള്‍ക്ക് വേണ്ടി നമ്മളെ ബലിയാടുകള്‍ ആക്കാന്‍ ആരെയും നമ്മള്‍ സമ്മതിച്ചു കൂടാ, അതെന്തിന്റെ പേരിലായാലും. 
കോടതി വിധി എന്തായാലും പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് നേരത്തെ അറിയാവുന്ന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ലക്ക്നോ യിലും അയോധ്യയിലും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പക്ഷെ നമുക്കറിയാം, ഇതൊരഗ്നിയാണ്, ചില തീപ്പൊരികള്‍ തെറിക്കും, ഇന്ത്യയുടെ   എല്ലാ ഭാഗങ്ങളിലേക്കും, ആ തീപ്പൊരിയെ ഒരു തീഗോളമാക്കി മാറ്റാന്‍ എല്ലായിടത്തും ആളുകളും റെഡി.  അതിനു മുന്‍പ് നമുക്കാ തീപ്പൊരിയെ  കെടുത്തണം. അത് എത്രയും പെട്ടെന്ന് വേണം താനും , അല്ലെങ്കില്‍ കെടുത്താന്‍ ബുദ്ധി മുട്ടാകും, പിന്നെ എല്ലാം ചുട്ടുകരിച്ചു നക്കി ത്തുടച്ചേ ആ തീനാമ്പുകള്‍ പിന്‍വാങ്ങൂ.   
നോട്ട്: ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ഇനി ഏതു വിഭാഗക്കാരുടെ ആരാധനാലയം വന്നാലും അത് മനുഷ്യ രാശിക്ക് ആപത്തെ ഉണ്ടാക്കൂ. ആ സ്ഥലത്ത് വരേണ്ടത് ഒരു വിദ്യാലയമാണ്, ഒരു ശാസ്ത്ര വിദ്യാലയം. മുറിവേറ്റ  മനസ്സുകളെ സമാധാനിപ്പിക്കാന്‍   അതിനേ സാധിക്കൂ. 

Sunday, September 5, 2010

സഭയുടെ ആഭാസങ്ങള്‍


അജ പാലകരെ    ഒടുവില്‍ നിങ്ങളത് ചെയ്തു. അഭിനന്ദനങ്ങള്‍. മൃതപ്രായനായി കിടക്കുന്ന ഒരാളെ അയാളുടെ നെഞ്ചില്‍ ചവിട്ടി നിന്ന് അട്ടഹസിച്ചു നൃത്തം ആടാന്‍ കേരളത്തില്‍ ഇന്ന് നിങ്ങള്‍ക്കെ ആവൂ. എന്‍ ഡി എഫുകാരെക്കാള്‍ നിങ്ങള്‍ക്ക് ആണ് മതഭ്രാന്തന്മാര്‍ എന്നാ വിശേഷണം ചേരുക. ഇടതു പക്ഷ സഹയാത്രികന്‍ ആയിപ്പോയി എന്ന ഒറ്റക്കാരണം മാത്രമല്ലേ ജോസഫ്‌ സാറിനെ പിരിച്ചു വിട്ടതില്‍ നിങ്ങള്‍ക്ക് പറയാനുള്ളൂ. ഇനി സര്‍വകലാശാലയുടെ കീഴിലുള്ള ഒരു സ്ഥാപനത്തിലും ജോസഫ്‌ സാറിനു ജോലി ലഭിക്കരുത്‌ എന്ന കുടില ലക്‌ഷ്യം സാക്ഷാല്‍ക്കരികാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞത് നിങ്ങളുടെ വിജയമാണ്, കേരളത്തിന്റെ പരാജയവും. കുറേ വര്‍ഷങ്ങളായി കത്തോലിക്ക സഭ സ്വീകരിച്ചു വരുന്ന നടപടികള്‍ പരിശോധിച്ചാല്‍ ഈ സംഭവത്തില്‍ യാതൊരു അത്ഭുതവും സംഭവിച്ചിട്ടില്ല ഏന് പറയാനാവും. പ്രമാദമായ ഒരു കൊലക്കേസ് പ്രതിയായ ഒരു അജപാലകനെ സ്ഥാനക്കയറ്റം നല്‍കിയ സഭയ്ക്ക് ജോസഫ്‌ സാറിനെ കുരിശില്‍ കിടത്താന്‍   വേണ്ടി വന്നത് വെറും ഒരു ആഴ്ച. കുറ്റവും ശിക്ഷയും തമ്മില്‍ വിപരീതാനുപാതതിലാകുന്ന അവിശ്വസനീയമായ കാഴ്ച. ശിക്ഷ ശരിയായില്ല എന്ന് പറഞ്ഞ സീറോ മലബാര്‍ സഭ വക്താവ് ഫാദര്‍ പോള്‍ തലേക്കാട്ടു പിറ്റേ ദിവസം തന്നെ ശിക്ഷാ തീരുമാനം ശരിയാണെന്ന് തിരുത്തി. ഒരു ദിവസം കൊണ്ട് തന്നെ പാവത്തെ ബാക്കിയുള്ള വെള്ളയും കാപ്പിയും കുപ്പായക്കാര്‍ കയ്പ്പ് നീര്‍ കുടിപ്പിച്ചു കാണും, അല്ലാതെ ഒരു ദിവസം കൊണ്ട് അഭിപ്രായം മാറില്ലല്ലോ. സി ബി സി ഐ സഭ,  പിരിച്ചു വിടല്‍ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ടുള്ള പ്രസ്താവന അവര്‍ ക്രിസ്തു ദേവനില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിനു കാരണമാക്കുന്നുണ്ട്‌. ആറു ലക്ഷം രൂപ മാനേജ്മെന്റ്റ് നല്‍കി എന്നുള്ള നുണയെ വെള്ളം ചേര്‍ക്കാതെ വിഴുങ്ങാല്‍ കേരള ജനതയ്ക്ക് കഴിയും എന്ന് തോന്നുന്നില്ല. ന്യൂ മാന്‍ കോളേജിന്റെ കീഴിലുള്ള രണ്ടു സ്ഥാപനങ്ങളിലെ അധ്യാപകര്‍ മാനേജ്മെന്റ്റ്    മുന്നറിയിപ്പിനെ വകവെയ്ക്കാതെ പിരിച്ചെടുത്തു ജോസഫ്‌ സാറിനു കൊടുത്ത തുക എങ്ങനെ മാനേജ്മെന്റ്റ്  കൊടുത്ത തുകയാകും ? . അല്ല ആരോടാ നമ്മളിതെല്ലാം ചോദിക്കുന്നത്. അല്ലെ ? . ഇന്നലെ ദീപിക പത്രത്തില്‍ പിരിച്ചു വിടലിനെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ തേജസ്‌ പത്രത്തില്‍ വിവാദ ചോദ്യത്തിനെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഒന്നും തന്നെ അല്ല എന്ന് തോന്നിപ്പോകും. സാംസ്കാരിക നായകന്‍മാരെ ഒന്നടങ്കം അവഹേളിച്ചു കൊണ്ടാണ് ഇന്നലെ ദീപിക പത്രം ഇറങ്ങിയത്‌. സഭയുടെ ഈ നയം ഒരു രണ്ടാം വിമോചന സമരത്തിനുള്ള തയ്യാറെടുപ്പുകളിലെ ഒരു താള്‍ മാത്രമാണ് എന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ അവരുടെ പ്രവര്‍ത്തങ്ങളില്‍ നിന്നും മനസ്സിലാകും, എനിക്കെന്നല്ല, aarkkum. ന്യൂന പക്ഷ അവകാശങ്ങള്‍ എന്ന ഉമ്മാക്കി കാട്ടിപ്പെടിപ്പിച്ചു കൊണ്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സഭ ഭരണഘടനാ വിഭാവനം   ചെയ്യുന്ന ന്യൂന പക്ഷം എന്ന പദത്തിന്റെ അര്‍ത്ഥ സത്ത ഇല്ലതാക്കിക്കൊണ്ടിരിക്കുന്നു. ന്യൂന പക്ഷ മാനേജ്മെന്റുകള്‍ നടത്തുന്നു എന്നതാണ് ന്യൂന പക്ഷ സ്ഥാപനങ്ങള്‍ എന്നാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ മംഗളം, ഡി സി എന്നീ സ്ഥാപനങ്ങള്‍  എന്ത് കൊണ്ട് ഈ വിഭാഗത്തില്‍ വരുന്നില്ല. ഉത്തരം ലളിതം. അത് നടത്തുന്നത് അച്ചന്മാര്‍ അല്ല . ഇപ്പോള്‍ നമുക്കെ മനസ്സിലാകും, ന്യൂന പക്ഷം എന്ന് പറഞ്ഞാല്‍ ബിഷപ്പ്, അച്ചന്മാര്‍, കന്യാസ്ത്രീകള്‍ എന്നീ ന്യൂന പക്ഷം നടത്തണം ഒരു ന്യൂന പക്ഷം എന്ന പദവി കിട്ടാന്‍. ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ മഹാനായ അംബേദ്‌കര്‍ ആത്മഹത്യ ചെയ്തേനെ  ,  താന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ മനം നൊന്ത്. കഴിഞ്ഞ ആഴ്ച സര്‍ക്കാരുമായി ഉടമ്പടി  ഒപ്പ് വെച്ച സ്വാശ്രയ മാനേജ്മെന്റുകള്‍  നടത്തിയ പ്രവേശനത്തെ സ്റേ ചെയ്തു സുപ്രീം കോടതി ഉത്തരവിറക്കി. സുപ്രീം  കോടതിയില്‍ കേസിന് പോയ രണ്ടു വിദ്യാര്‍ഥികള്‍ അമല മെഡിക്കല്‍ മിഷനിലും മറ്റൊരു സഭാ സ്ഥാപനത്തിലും പ്രവേശനം നേടിയിരിക്കുന്നു. സര്‍ക്കാരുമായി ഒപ്പ് വെക്കാത്ത സഭാ മെഡിക്കല്‍ കോളേജ് അധികൃതര്‍ അവര്‍ക്ക് സീറ്റ്‌ കൊടുത്തു " ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ ". സഭയില്‍ ആത്മീയ നേതാക്കള്‍ക്ക് ഒരു വിലയുമില്ലേ ? മാര്‍ വിതയത്തില്‍ പിതാവിനേക്കാള്‍ മുകളിലാണോ പവ്വത്തില്‍ പിതാവ്. പവ്വത്തില്‍ പിതാവിനോടുള്ള എല്ലാ ബഹുമാനവും നില നിര്‍ത്തി പറയട്ടെ, മൂന്നു വര്ഷം മുന്‍പ് അങ്ങയോടുണ്ടായിരുന്ന ബഹുമാനത്തിന്റെ പകുതി പോലും ഇന്നില്ല. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ യാക്കോബായ സഭയ്ക്കും ഓര്‍ത്തഡോക്‍സ്‌ സഭക്കും ഉണ്ടായ പോലെ കുഞ്ഞാടുകള്‍ മുഴുവന്‍ ഇവാന്ജ്ജലിസതിലേക്ക്   പോകും, നിര നിരയായി. ഒരു നല്ല അജ പാലകന്റെ കുറവ് അവര്‍ക്കിപ്പോള്‍ അനുഭവപ്പെടുന്നു. സഭാ നേതൃത്വം ഇനിയും ഈ വില കുറഞ്ഞ സംഭവങ്ങള്‍ക്ക് തുനിഞ്ഞാല്‍, അമേരിക്കന്‍ പണം കൊണ്ട് കൊട്ടിപ്പാട്ടുകാര്‍ കത്തോല്ലിക്കാ സഭയും വിഴുങ്ങും. അതിനു വഴിയോരുക്കണമോ ?

നോട്ട്: ഒരു അജ പാലകന്‍ കാലം ചെയ്തു സ്വര്‍ഗത്തില്‍ ചെന്നു  . അപ്പോളതാ വിശുദ്ധ പത്രോസ്‌ അവിടെ കാത്തു നില്‍ക്കുന്നു. അജ പാലകന്‍ പറഞ്ഞു" ഞാന്‍ അഞ്ചു മത ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട് " പത്രോസ് തന്‍റെ കയ്യിലുള്ള പുസ്തകത്തില്‍  നോക്കിയിട്ട് പറഞ്ഞു " പക്ഷെ നിങ്ങളുടെ പേര് സ്വര്‍ഗ്ഗ രാജ്യത്തിലെ പുസ്തകത്തില്‍ പണ്ഡിതന്മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുതിയിട്ടില്ലല്ലോ? ". അജ പാലകന്‍ വീണ്ടും " ഞാന്‍ അഞ്ചു പള്ളികളും, അഞ്ചു കോളേജുകളും പണി കഴിപ്പിച്ചിട്ടുണ്ട്" . ഇത്തവണ   പുസ്തകത്തില്‍ നോക്കിയാ പത്രോസിനു സന്തോഷമായി " നിങ്ങളുടെ പേര് കിട്ടിപ്പോയി. പക്ഷെ നിങ്ങളുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത് കല്ലാശാരിമാരുടെ കൂട്ടത്തിലാ , അത് കൊണ്ട് വേഗം പണി ശാലയിലേക്ക് നടന്നോളൂ " 

Thursday, September 2, 2010

അപ്രിയ സത്യങ്ങള്‍

ചില സത്യങ്ങള്‍ അങ്ങനെയാണ്. അപ്രീതിയേ ഉണ്ടാക്കൂ. ആര്‍ക്കാണോ അപ്രീതി ഉണ്ടാകുന്നത്, അവരുടെ ശക്തി അനുസരിച്ച് ആ സത്യം മൂടി വെയ്ക്കപ്പെടുകയോ കുഴിച്ചു മൂടപ്പെടുകയോ ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളില്‍ അപ്രധാന കോളങ്ങളില്‍ കണ്ട ഒരു കാഴ്ച " കോഴ" യെ കുറിച്ചുള്ളതായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഞാന്‍ പറഞ്ഞു വരുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ കോഴ വിവാദത്തെ പറ്റിയാണ് എന്ന്. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ ക്രിക്കറ്റ് വിവാദം ആഘോഷിക്കപ്പെടുകയാണല്ലോ ചെയ്യന്നത്. അതിനേക്കാള്‍ വലിയ കോഴ കേരളത്തില്നടക്കുന്നു. എല്ലാവരുടെയും അറിവോടെ, അനുവാദത്തോടെ. കേരളത്തിലെ ഏറ്റവും വലിയ കോഴ നടക്കുന്നത് വിദ്യാലയങ്ങളില്‍ ആണ് എന്നുള്ളതിന് ഒരു തെളിവും ആവശ്യമില്ല. ഒരു പ്ലസ്‌ ടു അധ്യാപക നിയമനത്തിന് മിനിമം പതിനഞ്ചു ലക്ഷം കോഴ വാങ്ങിച്ചു കൊണ്ട് ഇവിടത്തെ aided വിദ്യാലയങ്ങളുടെ മാനേജ്മെന്റുകള്‍ തടിച്ചു കൊഴുക്കുന്നു. ഇന്ത്യയില്‍ കേരളത്തില്‍ മാത്രം വ്യാപകമായി കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് ഈ aided വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സര്‍ക്കാരിന്‍റെ പൈസ കൊണ്ട് ശമ്പളവും ബാക്കി എല്ലാ ചിലവുകളും നടത്തി വരുന്ന ഈ സ്ഥാപനങ്ങള്‍ കോടിക്കണക്കിനു രൂപ യാണ് കൊഴയിനത്തില്‍ കൈപ്പറ്റുന്നത്. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടു കൂടി ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ  കക്ഷികളും രംഗത്ത് വരുന്നില്ല എന്നുള്ളത് പച്ച പരമാര്ധമായി നിലകൊള്ളുന്നു. aided സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ്‌ സി ക്ക് വിടണം എന്ന നിര്‍ദേശം വന്നപ്പോള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്തത് എസ് എന്‍ ഡി പി മാത്രമായിരുന്നു. ബാക്കിയുള്ള എല്ലാ വിഭാഗവും ഇതിനെതിരെ പരസ്യമായി രംഗത്ത് വരുകയാണ് ചെയ്തിട്ടുള്ളത്. എസ് എന്‍ ഡി പി അനുകൂലമായ ആ തീരുമാനമെടുത്തത് ജനസംഖ്യാനുപാതികമായ  അവസരങ്ങള്‍ പി എസ് സി ക്ക് വിട്ടാല്‍ ഈഴവ സമുദായത്തിന് ലഭിക്കും എന്നത് കൊണ്ട് മാത്രമാണ് എന്നാണു നായര്‍, ക്രിസ്ത്യാനി നേതൃത്വങ്ങള്‍ ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്. എങ്കിലും കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാവുമായിരുന്ന ഈ എസ് എന്‍ ഡി പി യുടെ തീരുമാനം ശ്ലാഖനീയം തന്നെയായിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സഭയെടുത്ത തീരുമാനം നിരാശാജനകവും പുരഗമാനത്തെ എതിര്‍ക്കുന്നതും ആയിരുന്നു. നിയമനങ്ങള്‍ പി എസ സി ക്ക് വിടുകയാണെങ്കില്‍ വിദ്യാലയങ്ങള്‍ നടത്താന്‍ വേറെ ആള് നോക്കണം എന്നായിരുന്നു ഒരു സഭാ നേതാവ് പറഞ്ഞത്. ഇവര്‍ക്ക് കേരള സമൂഹത്തോട് എന്ത് പ്രതിബദ്ധത ആണുള്ളത് ? . പണ്ട് ചെയ്തു എന്നവകാശപ്പെടുന്ന വിദ്യാലയങ്ങള്‍ ആരംഭിച്ചു എന്നാ ഒറ്റക്കാരണം കൊണ്ട് കാലാകാലം സര്‍ക്കാര്‍ ഖജനാവിലെ പണം തോന്നിയ ആളുകള്‍ക്ക് കൊടുക്കാനുള്ള അധികാരം പതിച്ചു നല്‍കണം എന്ന് വാശി പിടിക്കുന്നതെന്തിനാണ് എന്ന് സാധാരണ ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു , അവോരോട് ചോദിക്കേണ്ടതും . സത്യത്തില്‍ ക്രിസ്ത്യാനി സഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാ സമുദായം ആദ്യകാലങ്ങളില്‍ വിദ്യ്യലയങ്ങളും കലാലയങ്ങളും പണികഴിപ്പിച്ചു നടത്തിയിരുന്നോ എന്നാ ചോദ്യത്തിന്, ഒരു വലിയ അല്ല എന്നാ ഉത്തരമേ ചരിത്രകാരന്മാര്‍ നല്‍കൂ. മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിയവരും പിന്നെ ചില വിശ്വാസികളും ആണ് കേരളത്തില്‍ വിദ്ദ്യാലയങ്ങള്‍ ആരംഭിച്ചത്, അല്ലാതെ സഭ അല്ല. ഒരു ഉദാഹരണം പറയാം. പാല സെന്റ്‌ തോമസ്‌ കോളേജ് അവിടത്തെ വിശ്വാസികള്‍ തുടങ്ങിയ സമയത്ത് സഭ അത് ഏറ്റെടുക്കാന്‍ താല്പര്യപ്പെട്ടില്ല. സര്‍ക്കാര്‍ അതിനു ഗ്രാന്റ് നല്‍കി തുടങ്ങിയപ്പോഴാണ് സന്തോഷ പൂര്‍വ്വം കോളേജ് സഭ ഏറ്റെടുത്തത്. സഭ വേറെ ആയതിന്‍റെ      കാരണം പറഞ്ഞു സി എം എസ് കോളേജില്‍ പോകുന്ന കത്തോലിക്കരെ തടയാന്‍ വരെ സഭ ശ്രമിച്ചിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. എന്നിട്ട് ഇപ്പോള്‍ അവിടെ നടന്ന ഒരു വിദ്യാര്‍ഥി പ്രക്ഷോഭാത്തിനെതിരെ  നഖ ശിഖാന്തം എതിര്‍ത്ത് കൊണ്ട് കത്തോലിക്കാ സഭ രംഗത്ത് വന്നത് ഇരട്ടത്താപ്പു അല്ല എന്ന് പറയാന്‍ ഒരാള്‍ക്കും സാധിക്കില്ല.എന്റെ ഒരു സുഹൃത്ത്‌ ഒരു ഇന്റര്‍വ്യൂ വില്‍ പങ്കെടുക്കാന്‍ ചെല്ലുന്നു. എല്ലാ ഉദ്യോഗാര്തികള്‍ക്കും ഓരോ പേപ്പര്‍ കൊടുക്കുന്നു. നമ്മുടെ സുഹൃത്ത്‌ വിചാരിച്ചു വല്ല എഴുത്ത് പരീക്ഷ ആയിരിക്കും എന്ന്. മാനേജര്‍ അതി. എല്ലാവരോടും പേപ്പര്‍ എടുക്കാന്‍  പറഞ്ഞു. എന്നിട്ട് നിങ്ങള്ക്ക് തരാന്‍ പറ്റിയ ഏറ്റവും വ്വളിയ സംഖ്യാ ആ പേപ്പറില്‍ എഴുതാന്‍ പറഞ്ഞു. നമ്മുടെ സുഹൃത്ത്‌ എഴുതി ഒന്‍പതു ലക്ഷം. മനഗേരിന്റെ റൂമില്‍ നിന്നിറങ്ങിയ നമ്മുടെ സുഹൃത്ത്‌ കൂടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗാര്ധിയുടെ  ഒരു ഡയലോഗ് കേട്ട് തരിച്ചു നിന്ന് " ഞാന്‍ പതിനഞ്ചു ലക്ഷമാണ് എഴുതിയത് " എന്നാ അവന്റെ വാക്ക് കേട്ട എന്റെ സുഹൃത്ത്‌ ഉടന്‍ തന്നെ തിരിച്ചു വീട്ടിലേക്കു നടന്നു. നിരാശനായി, കേരളത്തിലെ ലക്ഷക്കണക്കിന്‌ തൊഴിലില്ലാത്തവരുടെ  അതേ മനസ്സോടെ, ഉള്ളില്‍ നിറഞ്ഞ സമൂഹത്തിനോടുള്ള വെറുപ്പോടെ, വാ പൊളിച്ചു നില്‍ക്കുന്ന ജീവിതത്തിന്റെ ഭീകര മുഖത്തിന്റെ നേര്‍ക്ക്‌ ഭീതിയോടെ. 

Thursday, August 26, 2010

വടക്കും നാഥന്‍ മുന്നിലെ പുലികളി


കലയുടെ നാട്ടിലെ കലാനഗരിയില്‍ ഓണം ആഘോഷത്തിനോട് അനുബന്ധിച്ച് നടന്നു വരാറുള്ള പുലി കളി ദാ ഈ വര്‍ഷവും നടക്കുന്നു. പുലികളി ഒരു കലയാണോ അല്ലയോ എന്നാ ചോദ്യത്തിന് ഒരുത്തരമേ എനിക്കുള്ളൂ അതെ എന്ന ഉത്തരം. സ്വരാജ് റൌണ്ടില്‍ ആരംഭിച്ചു വടക്കും നാഥ നഗരിയെ വലം വെച്ച് ആടി തിമിര്‍ക്കുന്ന ഒരു കൂട്ടം പുലികളും കുറച്ചു വേട്ടക്കാരും അതിന്റെ എത്രയോ മടങ്ങ്‌ കാഴ്ചക്കാരും അടങ്ങിയ ഈ ഉത്സവത്തെ കല അല്ല ഇത് എന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക. തൃശ്ശിവ പേരൂര്‍ മഹിമ ലോകമെങ്ങും കാണിച്ചു കൊടുക്കുന്നതില്‍ പൂരത്തിനോപ്പം നില്‍ക്കുന്നൂ ഈ പുലി കളി. കേരളത്തിലെ ഏറ്റവും നന്മയുള്ള ഹൃദയം കൈവശമാക്കിയിരിക്കുന്ന അവിടത്തെ കലാ പ്രേമികളോട്  മനസ്സില്‍ നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ ചില വിശേഷങ്ങള്‍. തൃശൂരില്‍ മാത്രമല്ല പാലക്കാട്ടും പുലി കളിയുണ്ട്, തൃശ്ശൂരിലെ പോലെ വലിയ രീതിയിലല്ല എന്ന് മാത്രം. കടുവാ കളി എന്നും പുലി കളിയെ വിശേഷിപ്പിക്കാറുണ്ട് ( ഈ കടുവയും പുളിയും തമ്മിലെന്താ വ്യത്യാസം എന്താണ് എന്ന്  പണ്ട് രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി എന്‍റെ ഒരു അദ്ധ്യാപകന്‍  പറഞ്ഞു തന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു " അത് ഈ വലിയ പുലിയെ ആണ് ഈ കടുവ കടുവ എന്ന് പറയുന്നത്" നിങ്ങളുടെ സംശയവും തീര്‍ന്നല്ലോ ? ). ശക്തന്‍ തട്ടകത്തില്‍ പുലികളിയില്‍ പങ്കെടുക്കുന്നത് വിവിധ ദേശങ്ങള്‍ അഥവാ കരക്കാര്‍ ആണ്. അതില്‍ പ്രധാനം പെരിങ്കാവ്, പൂങ്കുന്നം, വിയ്യൂര്‍ , കാനാട്ടുകര എന്നീ ദേശക്കാരാണ്. പുലി കളിയുടെ പ്രധാന പിന്നണി സംഗീതം പുലിക്കോട്ട് എന്ന ചെണ്ട, തപ്പ്, ഇലത്താളം ഇവയുടെ മിശ്രണമാണ്. പുലി കളി എന്തിനു വേണ്ടി തുടങ്ങി എന്നുള്ളത് എനിക്ക് പറഞ്ഞു തന്നത് വിയ്യൂര്‍ ദേശത്തിന്‍റെ സാരഥി അയ്യപ്പന്‍ മാമന്‍( പുള്ളിക്കിപ്പോള്‍ 80 വയസ്സ് ആയി ) ആണ്. 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജാവ് ആയിരുന്ന രാമവര്‍മ മുഹറം ആഘോഷത്തിനായി നാടന്‍ കലകളുടെ പ്രദര്‍ശനം തുടങ്ങി. അന്ന് തൃശൂരില്‍ തമ്പടിച്ചിരുന്ന ബ്രിട്ടീഷ്‌ പട്ടാളത്തിലെ ഇസ്ലാം സഹോദരന്‍മാര്‍  പുലി വേഷം ധരിച്ചു പുലികെട്ടിക്കളി എന്ന പേരില്‍ ഒരു കലാരൂപമുണ്ടാക്കി ഈ പ്രദര്‍ശനത്തില്‍ പങ്കു ചേര്‍ന്നിരുന്നു. അതിന്റെ ഓര്‍മയായാണ് ഇന്നത്തെ പുലി കളി കൊണ്ടാടുന്നത്.     വെറും രണ്ടു തവണ മാത്രമേ എനിക്ക് ഈ പുലി മാമാങ്കം കാണാന്‍ ഭാഗ്യം സിദ്ധിചിട്ടുള്ളൂ. 2007 ല അവസാനം ഞാന്‍ കണ്ടപ്പോള്‍ പുലി വേഷ ധാരികളായി ആയിരത്തോളം പേര്‍ , കൂട്ടത്തില്‍ ഒരു വെള്ള പുളിയും ( അതെ ഒരു സായിപ്പും പുലി വേഷം കെട്ടിയിട്ടുണ്ടായിരുന്നു). വിവിധ ദേശങ്ങളില്‍ നിന്നും വരുന്ന പുലികളെല്ലാം ആദ്യം സ്വരാജ് റൌണ്ടിലെത്തും. നാല് മണിക്ക്  അവിടെ നിന്നും ആരംഭിച്ചു കുറുപ്പം റോഡ്‌, എം ജി റോഡ്‌ , നംബിയാര്‍ റോഡ്‌ പാലസ് റോഡ്‌ എന്നീ നടവഴികളിലൂടെയെത്തി വടക്കും നാഥനെ വലം വെയ്ക്കും. വളരെ ഭംഗിയായി പുലി കാണാന്‍ ജഡ്ജിംഗ് സ്ഥലങ്ങളായ നടുവിലാലിലോ, ബിനിപുരം കവലയിലോ പാറമേക്കാവ് കവലയിലോ നില്‍ക്കുന്നതാവും നല്ലത്. ഈ സ്ഥലങ്ങളില്‍ കുറെ സമയം പുലികള്‍ നൃത്തം വെക്കും. ( എന്‍റെ സുഹൃത്ത്‌ സിനിക്ക്‌ നന്ദി പറയുന്നു , പുലി കാണാന്‍ എന്നെ ക്ഷണിച്ചതിലും, പാറമേക്കാവ് കവലയിലെ റോഡിനരികിലെ അവളുടെ വീടിന്‍റെ ടെറസില്‍ നിന്ന് എന്നെ പുലി കളി ഭംഗിയായി കാണിച്ചതിലും. കൂടാതെ അപ്പവും മട്ടന്‍ സ്റ്റു വും ഉണ്ടാക്കി തന്ന അവളുടെ അമ്മയ്ക്കും നന്ദി(ഈ അമ്മ  ഒരസ്സല്‍ കോട്ടയംകാരി ആണ്, ഹോ ആ മട്ടന്‍ സ്റ്റു വിന്‍റെ സ്വാദ് ). ഇനി ഇതിന്റെ നടത്തിപ്പുകാരോട് ഇതിന്റെ ചിലവിനെ കുറിച്ച് ചോദിച്ചപ്പോളാണ് ഞാന്‍ ശരിക്കും ഞെട്ടിയത്. നല്ല വയര്‍ ഉള്ള ഒരു പുലിക്കു 1500 രൂപ കൊടുക്കണം (ഒറിജിനല്‍ പുലികള്‍ക്കൊന്നും വലിയ വയര്‍ ഇല്ലല്ലോ , പിന്നെന്തിനാ ഈ പുലികള്‍ക്ക് വലിയ വയര്‍ നിര്‍ബന്ധമാകുന്നത്". ഉത്തരം ലളിതം . വലിയ വയറില്‍ വലിയ പുലി മുഖങ്ങള്‍ വരക്കാം ). അങ്ങനെ ഒരു സംഘത്തില്‍ മിനിമം 50 പുലികള്‍. പിന്നെ വരയ്ക്കുന്ന ആളുകള്‍, വാദ്യമേളങ്ങള്‍ ആദിയായവ . ഒന്നാം സ്ഥാനം ലഭിച്ചാല്‍ പോലും ആകെ മുടക്കുന്നതിന്റെ പത്തിലൊന്ന് പോലും ആകുന്നില്ല. എങ്കിലും ഈ കലാരൂപത്തിനോടുള്ള ഇഷ്ടം കാരണം  കലാസ്നേഹികള്‍ ഇതിനു മുന്നിട്ടു ഇറങ്ങുന്നു. ഞാന്‍ കണ്ടപ്പോള്‍ പുലികള്‍ മാത്രമല്ല ഉണ്ടായിരുന്നത്, സിംഹം, കരിമ്പുലി, സീബ്ര മുതലായ വന്യ ജീവികളും (  എല്ലാത്തിന്റെ കഴുത്തിലും ബെല്‍റ്റ്‌ ഉണ്ട് ). പുലി കളി കണ്ടു വീട്ടില്‍ വന്ന എന്‍റെ മനസ്സില്‍ കുറച്ചു ദിവസത്തേക്ക് മഞ്ഞയും കറുപ്പും നിറഞ്ഞ വരകളും പുലിക്കൊട്ടിന്റെ താലവുമായിരുന്നു. ഇത്തവണ ലാബില്‍ കുറച്ചു പനിയുണ്ടായിരുന്നത് കൊണ്ട് സാധിച്ചില്ല. അടുത്ത തവണ പോകണം  'സിനി' പുലി കളി കാണാന്‍ വിളിക്കുമോ ആവോ ? ( എടീ എന്നെ വിളിക്കണേ  )

നോട്ട് - കഴിഞ്ഞ ദിവസം റിമി ടോമിയും അവളുടെ ഭര്‍ത്താവും പങ്കെടുത്ത ഒരു ഇന്റര്‍വ്യൂ കണ്ടു യുടുബില്‍ . റോയ്സ് എന്നാണ് റിമിയുടെ ഭര്‍ത്താവിന്റെ പേര് , രസികന്‍, റിമിക്ക് ചേര്‍ന്ന ആള്‍. വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷമായിട്ടും തൃശൂര്‍ നിവാസിയായ റോയ്സ് പുലി കളി കാണാന്‍ റിമിയെ കൊണ്ട് പോകാഞ്ഞത്‌ എന്താണ് എന്നുള്ള അവതാരകയുടെ ചോദ്യത്തിനുള്ള റോയ്സിന്റെ മറുപടി രസകരമായിരുന്നു " എന്നിട്ട് വേണം ആ പുലികളുടെ ഇടയില്‍ ഇവള്‍ ചാടി വീണു ഡാന്‍സ് കളിയ്ക്കാന്‍, പാവം പുലികള്‍, അവയെ എന്തിനാണ് പേടിപ്പിക്കുന്നത്‌ "

റോയ്സ് പരനത് സാരിയാണോ ?, ഇവിടെ പുലികള്‍ക്ക് മാത്രം തുള്ളിയാല്‍ മതിയോ, റിമിക്കും തുള്ളിക്കൂടെ ? റിമിക്ക് തുള്ളാം. അതിനുള്ള അവകാശമുണ്ട്‌. കാരണം തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപക്ഞാതാവ് ആരാ ? റിമി ടോമി.