അങ്ങനെ ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി അവസാനിച്ചു. കിരീടം ചൂടിയത് ജവഹര്‍ തായങ്കരി. പുതു തലമുറയിലെ ചില ആളുകള്‍ക്കപ്പോ ഒരു സംശയം " ആരെടാ ഈ തായങ്കരി , കേട്ടിട്ടില്ലല്ലോ" അവര്‍ക്കായി ചില വിശേഷങ്ങള്‍.
പറവൂരില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം വള്ളം കളി എനിക്കൊരു ഹരമാണ്. കോട്ടപ്പുറത്തും, പല്ലംതുരുതിലും നടന്ന മിക്കവാറും വള്ളം കളികള്‍ ഞാന്‍ കണ്ടിരുന്നു. വെപ്പ്, ഇരുട്ടുകുത്തി വിഭാഗത്തില്‍ പെട്ട വള്ളങ്ങള്‍ മാത്രമേ ഈ വള്ളം കളികളി ല ഉണ്ടായിരുന്നുള്ളൂ. എന്റെ വീടിനടുത്തെ ചേട്ടന്മാര്‍ തുഴയുന്നത് കൊണ്ടാവാം ഞാന്‍ "ഗുരുവായൂരപ്പന്‍ " വള്ളം ആണ് മികച്ച വള്ളം എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ചുണ്ടന്‍ വള്ളങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുമില്ലല്ലോ. PG ക്ക് പഠിക്കുന്ന സമയം. ഓണം അവധി തുടങ്ങിയ ദിവസം ഒരു ഫോണ്‍. കോട്ടയത്തെ എന്റെ സുഹൃത്ത് രമ്യ ( ആളിപ്പോള്‍ മാതൃഭുമി യില്‍ ഉണ്ട് ) യാണ് വിളിച്ചത്, വരുന്നോ പുന്നമാടക്കയലിലേക്ക്, ഒട്ടും അമാന്തിച്ചില്ല. വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോള്‍ അവളും അവളുടെ ചേട്ടനും അച്ഛനും എല്ലാവരും ഒരു ബോട്ട് നു മുകളില്‍. എന്നെയും അതിനു മുകളിലേക്ക് വലിച്ചു കേറ്റി. അതാ വരുന്നൂ ചുണ്ടന്‍ വള്ളങ്ങള്‍, ആദ്യം കണ്ടത്, ചെറുതന ചുണ്ടന്‍. ഞാന്‍ ശരിക്കും ഞെട്ടി. അതിന്റെ വലിപ്പവും ഭംഗിയും കണ്ടപ്പോള്‍ എന്റെ പാവം " ഗുരുവായൂരപ്പന്‍ വള്ളം " കെട്ടഴിഞ്ഞു എന്റെ മനസ്സില്‍ നിന്നും ഒഴുകിയങ്ങു പോയി, അങ്ങ് അറബിക്കടലിലേക്ക് . 120 നു മുകളില്‍ ആളുകള്‍ ഉണ്ടാകും ഒരു ചുണ്ടന്‍ വള്ളത്തില്‍. ഒരേ വേഗത്തില്‍ , ഒരേ താളത്തില്‍ ഒരേ മനസ്സോടെ അവര്‍ തുഴ വീശി എറിയുമ്പോള്‍ തുഴപ്പാട് അകലെ അല്ല മറിച്ച് വള്ളപ്പാടു അകലെയാണ് നമ്മുടെ ഹൃദയത്തെ അവര്‍ കൊണ്ട് പോകുന്നത്.
1952 ലാണ് നെഹ്‌റു ട്രോഫി ആരംഭിക്കുന്നത്. നടുഭാഗം ചുണ്ടന്‍ ആണ് ആദ്യത്തെ വിജയി. അതിനു ശേഷം 13 തവണ കാരിച്ചാല്‍ ചുണ്ടനും, എട്ടു തവണ കല്ലൂപ്പരമ്പന്‍ ചുണ്ടനും, ഏഴു തവണ ചമ്പക്കുളം ചുണ്ടനും, രണ്ടു തവണ പായിപ്പാടന്‍ ചുണ്ടനും ബാക്കിയുള്ള വര്‍ഷങ്ങളില്‍ മറ്റു ചില വള്ളങ്ങളും ട്രോഫി നേടി. ഇത്തവണത്തെ ജേതാക്കളായ ജവഹര്‍ തായങ്കരി ഇതിനു മുന്‍പ് മൂന്നു തവണ കൂടി ട്രോഫി നേടിയിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായല്ലോ തായങ്കരി നിസ്സാരക്കാരനല്ല എന്ന്?.
ചുണ്ടന്‍ വള്ളങ്ങളെ പറ്റി പറയുമ്പോള്‍ ക്ലുബുകളെ നമ്മള്‍ മറന്നു പോകരുത്. ഇന്ന് പ്രധാനമായും മൂന്നു പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് ചുണ്ടന്‍ വള്ളം തുഴയുന്ന ആളുകളുടെ ക്ലബ്ബുകള്‍ ഉള്ളത്. കൊല്ലം, കുമരകം, കുട്ടനാട് എന്നിവയാണ് അവ.ഏതാണ്ട് പത്തിലധികം മേജര്‍ ക്ലബ്ബുകള്‍ ഇവിടെയുണ്ട്. ഇതിലേറ്റവും പ്രധാനപ്പെട്ട ക്ലബ് ആണ് കുമരകം ബോട്ട് ക്ലബ് . 1971 നു ശേഷം 13 തവണ ഈ ക്ലബ് തുഴഞ്ഞ വള്ളങ്ങള്‍ക്ക് ട്രോഫി കിട്ടിയിട്ടുള്ളത്. ഇത്തവണ ജവഹര്‍ തായങ്കരി വള്ളം തുഴഞ്ഞതാരാ? സംശയമെന്താ കുമരകം ബോട്ട് ക്ലബ്. ഇപ്പോള്‍ നിങ്ങളുടെ സംശയം മാറിയില്ലേ ?